തിരുനക്കര ക്ഷേത്രമുറ്റത്തെ പുലച്ചി ക്കല്ലിന്റെ ചരിത്രം....
തിരുനക്കര ക്ഷേത്രസങ്കേതത്തിന് പുറത്ത് തെക്കു കിഴക്കേ കോണിൽ പൊതുവഴിയുടെ മദ്ധ്യത്തിലായി ഏതാണ്ട് അഞ്ചടിയോളം ഉയരത്തിൽ ലിംഗരൂപത്തിൽ ഒരു കല്ല് നിൽക്കുന്നത് കാണാം. ചെങ്കല്ലിൽ പ്രാകൃതമായി കൊത്തിയുണ്ടാക്കിയ ഈ ശിലാസ്തംഭം ഏതു കാലത്ത് അവിടെ സ്ഥാപിക്കപ്പെട്ടു എന്നത് അജ്ഞാതമാണ്. പ്രദേശവാസികളിൽ തലമുറകളായി പ്രചരിച്ചുകൊണ്ടിരിക്കുന്ന ചില കെട്ടുകഥകളാണ് ഈ കല്ലിനെ പറ്റിയുള്ള ജിജ്ഞാസ ശമിപ്പിക്കുന്നതിന് നിലവിലുള്ളത്.
ഈ ശിലയുടെ ഉത്ഭവത്തെ സംബന്ധിച്ച് ഐതിഹ്യങ്ങളല്ലാതെയും വിവിധ വാദഗതികളുണ്ട്. ഈ വിവിധ അഭിപ്രായങ്ങൾ ഇവിടെ അവതരിപ്പിക്കുക മാത്രമാണ് ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്. കൃത്യമായ അനുമാന ങ്ങൾക്ക് മുതിരുന്നില്ല എങ്കിലും ഈ വാദഗതികളിലെ സാധ്യതകളും പൊള്ളത്തരവും വിശകലനം ചെയ്യാൻ ഉദ്ദേശിക്കുന്നുമുണ്ട്.
ഐതിഹ്യകഥകൾ ആദ്യം പറയാം. അയിത്തവും തീണ്ടാചാരങ്ങളുമുള്ള പഴയ കാലഘട്ടത്തിൽ നടന്നത്. പുല്ലരിഞ്ഞു തലയിൽ ചുമന്നുവന്ന ഒരു പുലയയുവതി ദൗർഭാഗ്യവശാൽ മഠത്തിലെ സ്വാമിയാരെ സ്പർശിക്കാൻ ഇടയായി. ബ്രാഹ്മണനായ സ്വാമിയാർ യുവതിയെ ശപിച്ചു കല്ലാക്കിയത്രെ! ഇതിന് പൊടിപ്പും തൊങ്ങലും ചേർത്ത് പലവിധത്തിൽ അവതരിപ്പിക്കാറുണ്ട്.
കേരളത്തിൽ പലയിടങ്ങളിലായി കാണുന്ന നടുകല്ലുമായി (Menhir) ഈ ശിലാഖണ്ഡത്തിന് വളരെ സാമ്യമുണ്ട്. ഇത്തരം നടുകല്ലിന് ഗ്രാമീണർ പുലച്ചിക്കല്ല് എന്നാണ് പറയുന്നത്. തമിഴും മലയാളവും വേർപിരിയും മുമ്പ് സംഘകാലത്ത് പുരശ്ചിക്കല്ല് അഥവാ സ്മാരകസ്തംഭം എന്ന നിലയിൽ വീരന്മാരുടെ ഓർമ്മയ്ക്കായി അവരുടെ ശവകുടീരത്തിൽ വീരക്കല്ലുകൾ സ്ഥാപിച്ചിരുന്നു. പുരട്ചിക്കല്ല് എന്നത് രൂപാന്തരം പ്രാപിച്ച് പുലച്ചിക്കല്ല് എന്നായി മാറി. മലയാളത്തിന്റെ പ്രഭാവത്തോടെ പുരശ്ചി എന്ന തമിഴ് വാക്ക് നമുക്ക് അന്യമായി. അതോടെ പുലച്ചിക്കല്ലിൽ പുലച്ചിക്ക് എന്താണ് കാര്യം എന്ന അന്വേഷണമായി. പുലയ സ്ത്രീക്ക് പുലച്ചി എന്നുകൂടി പറയുന്നതിനാൽ ശാപം കിട്ടിയ പുലയിയുടെ കഥ എളുപ്പം പ്രചരിച്ചു. ഈ കഥ മറ്റു പലയിടങ്ങളിലും നിലവിലുണ്ട്.
തിരുനക്കരയെ സംബന്ധിച്ചിടത്തോളം ഈ കഥ യുക്തിക്ക് നിരക്കുന്നതല്ല. ഒരു സ്ത്രീ മറ്റൊരാൾ ശപിച്ചാൽ കല്ലാവുമോ എന്ന യുക്തി അവിടെ നിൽക്കട്ടെ. അല്ലാതെ തന്നെ ഈ ഐതിഹ്യത്തിന്റെ സാംഗത്യം പരിശോധിക്കാം.
തിരനക്കരയിൽ ഇന്നുള്ള കേരളപുരംകുളം പുരാതനകാലത്ത് ഒരു പൊയ്കയായിരുന്നു. ഒമ്പതാം നൂറ്റാണ്ടിൽ ആദിശങ്കര ശിഷ്യനായ തോടകാചാര്യർ ഈ പൊയ്കയുടെ വടക്കേക്കരയിൽ സന്യാസിമഠം സ്ഥാപിച്ചു എന്നാണ് ഐതിഹ്യം. ആ ഐതിഹ്യം ശരിയെങ്കിൽ ആ സന്യാസിപരമ്പരയിലുള്ള ഒരു സ്വാമിയാരാണത്രെ പാവം പുലയക്കിടാത്തിയെ കല്ലാക്കിയത്
ഉള്ളിലുറങ്ങിയ ജാത്യാഭിമാനത്തിന്റെ അവശേഷിക്കുന്ന അംശവും ഉച്ചാടനം ചെയ്ത് ആദിശങ്കരനെ സർവജ്ഞപീഠത്തിന് യോഗ്യനാക്കാൻ ചണ്ഡാളനായി അവതരിച്ച ശ്രീശങ്കരൻ ലിംഗരൂപിയായി വാഴുന്ന തിരുനക്കര ക്ഷേത്രത്തിന്റെ തിരുമുമ്പിൽ തന്നെ ഇങ്ങനെയൊന്ന് സംഭവിക്കുമോ? ആദിശങ്കരന്റെ ശിഷ്യപരമ്പരയിലെ ഒരു സന്യാസിക്ക് ശങ്കരനിൽ ഇല്ലാതായ ജാതിചിന്ത തിരിച്ചുവന്നുവെന്നോ? സകലചരാചരങ്ങളിലും ഭേദമില്ലെന്നും എല്ലാം ഒന്നാണെന്നും ഭൗതികമായ ഇന്ദ്രിയങ്ങളുടെ സവിശേഷത കൊണ്ടുമാത്രം രണ്ടായി തോന്നുന്നുവെന്നുമുള്ള അദ്വൈതമതത്തിന്റെ പ്രചാരകർക്ക് എന്ത് അയിത്തം! അഥവാ സ്വാമിയാർ ശപിച്ചാൽ തന്നെ ആ ശാപത്തെ നിർവീര്യം ആക്കാൻ കഴിവില്ലാത്ത ആളാണോ ചണ്ഡാളനായി വന്ന് അയിത്തത്തിന്റെ അർത്ഥശൂന്യത ബോധ്യപ്പെടുത്തിയ സാക്ഷാൽ തിരുനക്കര മഹാദേവൻ! ഈ ഐതിഹ്യകഥയെ ഈ യുക്തി കൊണ്ടുതന്നെ നിരാകരിക്കാവുന്നതാണ്.
മറ്റു ചില ഐതിഹ്യങ്ങൾ കൂടിയുണ്ട്. ഒരു പറയനും പറച്ചിയും ഒരിക്കൽ തിരുനക്കരയിൽ വന്ന് കള്ളസത്യം ചെയ്തു. അതോടെ കല്ലായി മാറിയത്രെ. മറ്റൊന്ന് ഈ കല്ല് പടിഞ്ഞാറോട്ട് നീങ്ങുന്നുണ്ടത്രെ .... നീങ്ങി നീങ്ങി കായലിൽ പതിക്കുമ്പോൾ ലോകാവസാനമാണെന്നും ചിലർ! ഒക്കെ വെറുതെ കേൾക്കാൻ രസകരമാണ്.
ഈ കഥകളിലൊക്കെ ദളിത് സമുദായത്തിൽ പെട്ടവരാണ് ശാപത്തിനും ശിക്ഷയ്ക്കും ഇരയാകുന്നത് എന്നത് ശ്രദ്ധിക്കണം. തീണ്ടൽകാര്യങ്ങളിൽ താഴ്ന്ന സമുദായക്കാർ ശ്രദ്ധ വയ്ക്കുന്നതിന് അവരെ താക്കീത് കൊടുക്കുന്നതിനാവാം ഇത്തരം കഥകൾ കെട്ടിച്ചമച്ചത്.
പ്രമുഖ ചരിത്രകാരനായ ടി.എച്ച്.പി. ചെന്താരശ്ശേരി രചിച്ച "കേരള ചരിത്രധാര" എന്ന ഗ്രന്ഥത്തിലാണ് ഇത് നടുകല്ല് ആണെന്ന് ആദ്യമായി പരാമർശിച്ചു കണ്ടത്. കേരളപുരാവസ്തു വകുപ്പിലെ പ്രമുഖ പുരാവസ്തു ഗവേഷകനായ കെ.ചന്ദ്രശേഖരമേനോൻ ഉൾപ്പെടുന്ന സംഘം ഈ ശിലാഖണ്ഡത്തെ പഠനവിധേയമാക്കി നടുകല്ല് അഥവാ മെൻഹിർ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കേരള പുരാവസ്തു വകുപ്പിൻ്റെ വെബ്സൈറ്റിലും "തിരുനക്കര മെൻഹിർ" എന്നാണ് േഖപ്പെടുത്തിയിരിക്കുന്നത്..
ഇത്തരം സ്മാരകശിലകൾ ചരിത്രാതീതകാലത്തെ-നവീനശിലായുഗസംസ്കാരത്തിന്റെ അവശേഷിപ്പുകളാണ്. കേരളത്തിൽ BC 1500 മുതൽ AD മൂന്നാം നൂറ്റാണ്ടുവരെയും നവീനശിലായുഗത്തിന്റെ ഭാഗമായ ഇരുമ്പുയുഗം നിലവിലിരുന്നു എന്നു ചരിത്രകാരന്മാർ. മുസിരിസ്, പോർക്കെ പോലെയുള്ള തുറമുഖപട്ടണങ്ങളിൽ കടൽകടന്നുള്ള വാണിജ്യം പൊടിപൊടിക്കുമ്പോഴും ഉൾനാടുകളിൽ ശിലായുഗ സംസ്കാരത്തിൽനിന്ന് ഗോത്രജനത പുറത്തു കടന്നിരുന്നില്ലത്രെ. ദക്ഷിണേന്ത്യയിലാകെ സംഘകാല സംസ്കാരം പച്ചപിടിക്കുമ്പോഴും ഇരുമ്പുയുഗത്തിന്റെ സാംസ്കാരികസവിശേഷതകൾ കേരളത്തിൽ നിലനിന്നിരുന്നു എന്നു കാണാവുന്നതാണ്. കോട്ടയം ജില്ലയിൽ തനെ കടനാട്, രാമപുരത്തെ കുറിഞ്ഞി, കയ്യൂർ, നീണ്ടൂർ പുല്ലരിക്കുന്ന്, വേദഗിരി എന്നിവിടങ്ങളിൽ ഇരുമ്പുയുഗത്തിന്റെ അവശേഷിപ്പുകളായ നന്നങ്ങാടി (മുതുമക്കത്താഴി), നാട്ടുകല്ല് (Menhir), പഴുതറ (Dolmenoid) തുടങ്ങിയവ കണ്ടെത്തിയിട്ടുണ്ട്.
തിരുനക്കരയിൽ നിന്നും പല കാലത്തും നന്നങ്ങാടികൾ കണ്ടെത്തിയിട്ടുള്ളതിനാൽ ഇവിടെയും നവീന ശിലായുഗകാലത്തെ മനുഷ്യവാസ കേന്ദ്രമായിരുന്നു എന്ന് ഉറപ്പിക്കാം. തിരുനക്കര കുന്നിന്റെ ചെരുവുകളിൽ പലയിടത്തു ഗൃഹനിർമ്മാണത്തിനായി മണ്ണിളക്കുമ്പോൾ നന്നങ്ങാടികൾ കിട്ടാറുണ്ട്. പുരാവസ്തു വകുപ്പിനെ ഭയന്ന് അപ്പപ്പോൾ തന്നെ ഇവ നശിപ്പിക്കാറാണ് പതിവ്. Mall of Joy കെട്ടിടത്തിനായി കുഴിച്ചിടത്ത് നിന്ന് നിരവധി നന്നങ്ങാടികൾ കിട്ടിയത് നശിപ്പിച്ച ശേഷമാണ് അറിയുന്നത്. അങ്ങനെ നോക്കുമ്പോൾ തിരുനക്കരയിലെ കല്ല് നടുകല്ല് അഥവാ സ്മാരകശിലയാണ് എന്ന് പുരാവസ്തു വകുപ്പു മുതൽ പേരെടുത്ത ചരിത്രകാരന്മാർ വരെ വാദിച്ചാൽ എങ്ങനെ എതിർക്കേണ്ടിവരും.
മറ്റൊരു വാദം ഇങ്ങനെയാണ്. തീണ്ടാചാരമുണ്ടായിരുന്ന കാലത്ത് ക്ഷേത്രത്തിന് അടുത്തു പോലും ചെല്ലാൻ അവകാശമില്ലാതിരുന്ന അവർണർക്ക് ദൂരെ നിന്ന് ആരാധിക്കുന്നതിനായി പ്രാകൃതരൂപത്തിൽ സ്ഥാപിച്ച ശിവലിംഗമാണ് ഇത് എന്ന വാദം. ഈ വാദവും പ്രത്യക്ഷത്തിൽ ശരിയാണെന്ന് തോന്നാം.
അടുത്തകാലത്തായി കൂടുതൽ പേർ അംഗീകരിച്ച മറ്റൊരു വാദമുണ്ട്. കെ.കെ റോഡ് നിർമ്മാണത്തിനായി തിരുനക്കര കുന്നിന്റെ കിഴക്കേ ചെരിവ് വെട്ടിനിരത്തിയപ്പോൾ കുറച്ചുഭാഗം സ്തംഭരൂപത്തിൽ ഒഴിവാക്കി നിർത്തിയെന്നും റോഡിന്റെ നിരപ്പറിയുന്നതിനാണ് അങ്ങനെ ചെയ്തതെന്നുമുള്ള വാദം. ചില കല്ലുവെട്ടാംകുഴികളിൽ ഇത്തരം രീതി കാണാറുണ്ട്. ഇതിനെ സംബന്ധിച്ച് ചില രേഖകൾ PWDയുടെ ശേഖരത്തിൽ ഉണ്ടെന്നും പറഞ്ഞു കേട്ടിരിക്കുന്നു. അതിൽ പറയും പ്രകാരം കോട്ടയം ബോട്ടുജെട്ടിയിൽ നിന്ന് തുടങ്ങുന്ന കെ.കെ റോഡ് തിരുനക്കരയിലെത്തുമ്പോൾ വെട്ടിയരിയാതെ ശേഷിച്ച ഒരു കല്ല് നില നിർത്തിയിരിക്കുന്നു എന്നാണ് ഉള്ളടക്കമെന്നും ആ രേഖ കണ്ടിട്ടുള്ളവർ പറയുന്നു. അതാണ് ശരിയെങ്കിൽ കേവലം ഒന്നര നൂറ്റാണ്ടിന് മുമ്പു മാത്രം നടന്ന ഒരു സംഭവം എത്ര പെട്ടെന്നാണ് ഐതിഹ്യങ്ങളായും അത്ഭുതങ്ങളായും മാറിയതെന്നതാണ് ആശ്ചര്യം.
ഇടക്കാലത്ത് കല്ല് നശിപ്പിച്ചു കളഞ്ഞ് റോഡിന്റെ തടസ്സം മാറ്റാൻ അധികൃതർ ശ്രമിച്ചിരുന്നു. അന്ന് ജനങ്ങൾ കൂട്ടായി എതിർത്തതിനാൽ അവർക്കത് സാധിച്ചില്ല. തിരുനക്കരയിലെ ഗതാഗതം നിയന്ത്രിക്കുന്നതിൽ തന്നെ ഈ കല്ലിന് നിശബ്ദമായ ഒരു പങ്കുണ്ട്. തിരുനക്കര ക്ഷേത്രത്തിൽ മുമ്പ് നടന്ന ദേവപ്രശ്നത്തിൽ കല്ല് ക്ഷേത്രവുമായി അഭേദ്യമായി ബന്ധമുള്ളതാണെന്ന് വന്നതിനാൽ തന്നെ ചുറ്റും ഇരുമ്പുവേലി കെട്ടി സംരക്ഷിക്കുന്നുണ്ട്. എന്നാൽ ആൽ മുളച്ചും മറ്റു സസ്യങ്ങൾ വളർന്നും ഇപ്പോൾ സംരക്ഷണവും ശ്രദ്ധയും ലഭിക്കാത്ത നിലയിലാണ് ഈ ശില.
ഇപ്പോഴിതാ പുതിയ കഥകൾ ഈ ശിലാ സ്തംഭത്തെ ചുറ്റിപ്പറ്റി തൽപ്പരകക്ഷികൾ മെനഞ്ഞുണ്ടാക്കിയിരിക്കുന്നു; മാത്രവുമല്ല സാഹിത്യസൃഷ്ടികൾ വരെയുണ്ടായിരിക്കുന്നു. കോട്ടയത്തെ കയ്യാലയ്ക്കകം ചന്തയിലാണ് ഈ അടിമകച്ചവടം നടന്നതെന്നാണ് പുതിയ കഥയിൽ കാണുന്നത്. ഈ പുതിയ കഥകൾ രചിച്ചിരിക്കുന്നത് കോട്ടയത്തുള്ളവരോ കോട്ടയത്തിൻ്റെ ചരിത്രം അറിയുന്നവരോ അല്ല."അടിമകൾക്ക് തല തല്ലി കരയുന്നതിന് അടിമക്കച്ചവടക്കാരോ അധികൃതരോ സ്ഥാപിച്ചതാണ് ഈ കല്ല് "എന്നാണ് എന്നാണ് പഴയ രേഖകളിൽ കാണുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ ആദ്യ പകുതിയിൽ നടന്നിരുന്ന അടിമക്കച്ചവടവുമായാണ് ഈ കല്ലിനെ ദളിത്പക്ഷ രാഷ്ട്രീയക്കാർ കൂട്ടിക്കെട്ടുന്നത്. 1445 മുതൽ 1882 വരെ കോട്ടയം പട്ടണത്തിലെ ഏക ചന്ത തളിയന്താനപുരം ചന്ത (ഇന്നത്തെ പഴയ ചന്ത) ആയിരുന്നു. ദിവാൻ പേഷ്കാർ ടി. രാമറാവു 1882 ൽ തിരുനക്കര കേന്ദ്രീകരിച്ച് ടൗൺ പുന:സംവിധാനം ചെയ്തപ്പോൾ കച്ചേരിക്കടവിന് സമീപത്തേയ്ക്കാണ് ചന്ത മാറ്റിയത്. അതും തിരുനക്കര ചന്ത എന്നു തന്നെയാണ് അറിയപ്പെട്ടത്. നിക്ഷിപ്ത വംശീയ രാഷ്ട്രീയക്കാരുടെ കണ്ടെത്തലായ കയ്യാലയ്ക്കകം ചന്ത കോട്ടയത്തുണ്ടായിരുന്നതായി ആർക്കും ഒരി റിവുമില്ല.
തിരുനക്കര പുൽത്തകിടിയിൽ 1860 വരെ പ്രത്യേക ദിവസങ്ങളിൽ അടിമക്കച്ചവടം നടന്നിരുന്നു എന്നത് വസ്തുതയാണ്. അത് കീഴ്ജാതിക്കാരെ വേട്ടയാടി പിടിച്ച് കൂട്ടത്തോടെ പീഡിപ്പിച്ച് തെളിച്ചു കൊണ്ടുവരികയുമായിരുന്നില്ല. ഭൂവുടമകളുടെ കൃഷിനിലങ്ങളിൽ പണിക്കായി പുലയ ജാതിയിൽപ്പെട്ട അടിമകളെ മാറ്റക്കച്ചവടം ചെയ്യുന്ന രീതി ആയിരുന്നു. കുടുംബം പിരിഞ്ഞു പേരേണ്ടിവരുന്നതിന്റെ കദനകഥകളും ഏറെ പറഞ്ഞുകേട്ടിട്ടുണ്ട്.
എന്നാൽ തിരുനക്കര ക്ഷേത്രത്തിന് മുന്നിലെ വീരക്കല്ലിന് അടിമക്കച്ചവടവുമായി എന്തെങ്കിലും ബന്ധമുള്ളതായി വാമൊഴിചരിത്രമോ രേഖകളോ ഉള്ളതായി അറിവില്ല. ക്ഷേത്രത്തിന്റെ നാലു ചുറ്റുമുള്ള നടവഴിയിലൂടെ താഴ്ന്ന ജാതിക്കാർക്ക് അക്കാലത്ത് സഞ്ചാരസ്വാതന്ത്ര്യം ഉണ്ടായിരുന്നോ എന്നു തന്നെ സംശയിക്കേണ്ടിയിരിക്കുന്നു.
വ്യാജ ചരിത്രകഥയിൽ പറഞ്ഞിരിക്കും പ്രകാരം നോക്കിയാൽ അടിമകൾക്ക് തല തല്ലി കരയാനായി ക്ഷേത്രത്തിന് മുന്നിൽ അക്കാലത്തെ അധികാരികൾ സ്ഥാപിച്ചതാണ് ഈ കല്ല് എന്നു കരുതേണ്ടി വരില്ലേ .! ഇത് എതു തരത്തിലാണ് അടിമക്കച്ചവടത്തിന് സ്മാരകമായി വരുന്നത് .
അയിത്തവും തീണ്ടാചാരവും കൊടികുത്തി വാണ സവർണ്ണാധിപത്യ കേരളത്തിൻ്റെ ഇരുളടഞ്ഞ ഏടുകൾ ആർക്കും വെളുപ്പിച്ചെടുക്കാനാവില്ല. അതിൻ്റെ നിരവധി ചരിത്രം നാം വായിച്ചറിയുന്നതുമാണ്. പക്ഷേ ഇതുമായി പുലബന്ധമില്ലാത്ത കാര്യങ്ങളെ കൂട്ടിക്കെട്ടി അവതരിപ്പിക്കുക എന്നത് തെറ്റിദ്ധരിപ്പിക്കലാണ്. അത് തീർച്ചയായും എതിർക്കപ്പെടേണ്ടതാണ്
Comments
Post a Comment