തിരുനക്കര ക്ഷേത്രമുറ്റത്തെ പുലച്ചി ക്കല്ലിന്റെ ചരിത്രം....
തിരുനക്കര ക്ഷേത്രസങ്കേതത്തിന് പുറത്ത് തെക്കു കിഴക്കേ കോണിൽ പൊതുവഴിയുടെ മദ്ധ്യത്തിലായി ഏതാണ്ട് അഞ്ചടിയോളം ഉയരത്തിൽ ലിംഗരൂപത്തിൽ ഒരു കല്ല് നിൽക്കുന്നത് കാണാം. ചെങ്കല്ലിൽ പ്രാകൃതമായി കൊത്തിയുണ്ടാക്കിയ ഈ ശിലാസ്തംഭം ഏതു കാലത്ത് അവിടെ സ്ഥാപിക്കപ്പെട്ടു എന്നത് അജ്ഞാതമാണ്. പ്രദേശവാസികളിൽ തലമുറകളായി പ്രചരിച്ചുകൊണ്ടിരിക്കുന്ന ചില കെട്ടുകഥകളാണ് ഈ കല്ലിനെ പറ്റിയുള്ള ജിജ്ഞാസ ശമിപ്പിക്കുന്നതിന് നിലവിലുള്ളത്. ഈ ശിലയുടെ ഉത്ഭവത്തെ സംബന്ധിച്ച് ഐതിഹ്യങ്ങളല്ലാതെയും വിവിധ വാദഗതികളുണ്ട്. ഈ വിവിധ അഭിപ്രായങ്ങൾ ഇവിടെ അവതരിപ്പിക്കുക മാത്രമാണ് ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്. കൃത്യമായ അനുമാന ങ്ങൾക്ക് മുതിരുന്നില്ല എങ്കിലും ഈ വാദഗതികളിലെ സാധ്യതകളും പൊള്ളത്തരവും വിശകലനം ചെയ്യാൻ ഉദ്ദേശിക്കുന്നുമുണ്ട്. ഐതിഹ്യകഥകൾ ആദ്യം പറയാം. അയിത്തവും തീണ്ടാചാരങ്ങളുമുള്ള പഴയ കാലഘട്ടത്തിൽ നടന്നത്. പുല്ലരിഞ്ഞു തലയിൽ ചുമന്നുവന്ന ഒരു പുലയയുവതി ദൗർഭാഗ്യവശാൽ മഠത്തിലെ സ്വാമിയാരെ സ്പർശിക്കാൻ ഇടയായി. ബ്രാഹ്മണനായ സ്വാമിയാർ യുവതിയെ ശപിച്ചു കല്ലാക്കിയത്രെ! ഇതിന് പൊടിപ്പും തൊങ്ങലും ചേർത്ത് പലവിധത്തിൽ അവതരിപ്പിക്കാറുണ്ട്. കേരളത്...